Saturday, December 07, 2013

വിവരാവകാശരേഖകള്‍ ഓണ്‍ലൈനില്‍


https://edistrict.kerala.gov.in/
സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെ, കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കാതെ വിവരാവകാശ രേഖകള്‍ നേടാം. സംസ്ഥാന ഐ.ടി.മിഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒമ്പത് വകുപ്പുകളില്‍ ഒരുക്കിയ സൗകര്യം ഡിസംബറോടെ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. ഇതിനൊപ്പം, വൈദ്യുതി, കുടിവെള്ള, ടെലിഫോണ്‍ ബില്ലുകള്‍, സര്‍വകലാശാലാ ഫീസുകള്‍ എന്നിവയും വീട്ടിലിരുന്ന് തന്നെ അടയ്ക്കാനുള്ള സൗകര്യം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

റവന്യൂവകുപ്പിന്റെ 23 സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ തുടങ്ങിയ ഇ-ഡിസ്ട്രിക്ട് പദ്ധതി വിപുലീകരിച്ചതോടെയാണ് വിവരാവകാശവും ഓണ്‍ലൈനിലാകുന്നത്. ഇതിനായി www.edistrict.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ ഐ.ടി.മിഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കായി അക്ഷയകേന്ദ്രങ്ങളില്‍ പോകേണ്ടതില്ലെന്ന സ്ഥിതിയായി. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ വീട്ടിലിരുന്നുതന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ നേടാവുന്ന വലിയ മാറ്റത്തിനാണ് ഈ സൗകര്യം തുടക്കമിട്ടത്.

66 ബാങ്കുകളുമായി ഐ.ടി.വകുപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് അക്കൗണ്ടുള്ളവര്‍ക്കോ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കോ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭ്യമാക്കാം. വെള്ളപേപ്പറില്‍ അപേക്ഷയെഴുതി കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് അതത് വകുപ്പുകളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പരിപാടിയാണ് ഇതോടെ ഇല്ലാതാവുന്നത്.

നിലവില്‍ വിദ്യാഭ്യാസ വകുപ്പ്, വിവര സാങ്കേതിക വകുപ്പ്, ആരോഗ്യ വകുപ്പ്, നോര്‍ക്ക-റൂട്ട്‌സ്, തിരുവനന്തപുരം കളക്ടറേറ്റ്, ധനകാര്യവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, വ്യവസായ വകുപ്പ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ ഇപ്പോള്‍ തന്നെ ഈ വെബ്‌പോര്‍ട്ടലിലൂടെ നേടാന്‍ കഴിയും. ഡിസംബറോടെ മുഴുവന്‍ വകുപ്പുകളിലും ഓണ്‍ലൈന്‍ വിവരാവകാശ സൗകര്യം ഒരുങ്ങുമെന്ന് ഐ.ടി.മിഷന്‍ അധികൃതര്‍ അറിയിച്ചു.

ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതോടെ വൈദ്യുതി/ കുടിവെള്ളം/ ടെലിഫോണ്‍ ബില്ലുകള്‍, മോട്ടോര്‍ വാഹന ഫീസ്, കേരള സര്‍വകലാശാല ഒഴികെയുള്ള സര്‍വകലാശാലകളുടെ ബില്ലുകള്‍ എന്നിവയും ഓണ്‍ലൈനായി ഒടുക്കാം. വൈകാതെ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയും ടച്ച് സ്‌ക്രീന്‍ വഴിയും ലഭ്യമാക്കുമെന്നും ഐ.ടി.മിഷന്‍ അറിയിച്ചു. വിവരാവകാശ രേഖകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള പദ്ധതിയെ പല വകുപ്പുകളും എതിര്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്രയധികം സേവനങ്ങള്‍ ഓണ്‍ലൈനായി ഒരു കുടക്കീഴില്‍ ഒരുക്കിയെങ്കിലും ഇക്കാര്യം പൊതുജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഇതുവരെ അഞ്ഞൂറ് പേര്‍ പോലും സൈറ്റിലൂടെ പണമടച്ചിട്ടില്ല. വിവരാവകാശരേഖ നല്‍കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയവര്‍ അതിലും താഴെ മാത്രം.

ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്തുവേണം സേവനങ്ങള്‍ ലഭ്യമാക്കാന്‍. ഇതിനായി ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ആധാര്‍ സേവനം നല്‍കുന്ന യു.ഐ.ഡി.യുമായി ഒത്തുനോക്കിയശേഷം ഉടന്‍തന്നെ ഇതുസംബന്ധിച്ച സന്ദേശം ലഭിക്കും. ഇതോടെ നിങ്ങള്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ ഉപയോക്താവായി മാറിക്കഴിഞ്ഞു. തുടര്‍ന്ന് യൂസര്‍ നാമവും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭ്യമാക്കാം.

1 comment:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.